Friday, December 31, 2010

വൈപ്പിന്‍ ബസ് സമരം തനിയേ പൊളിഞ്ഞു.

കേരളത്തില്‍ത്തന്നെ ബസ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി ലഭിക്കുന്ന മേഖലയാണ് വൈപ്പിന്‍-പറവൂര്‍. സംഘടനാ നേതാക്കളുമായുള്ള ലേബര്‍ ഓഫീസറുടെ ചര്‍ച്ച ജനുവരി 4 നു വെച്ചിരിക്കെയാണ് ഈ സമരാഭാസം. ഡിസംബറിലില്‍ മാത്രം മൂന്നാം തവണയാണ് ബസ് ഗതാഗതം സ്തംഭിക്കുന്നത്. അതില്‍ അദ്യത്തേതൊഴികെ മറ്റെല്ലാം ദിവസങ്ങളോളം നീണ്ടു നിന്നു. സി.ഐയുമായുള്ള ചര്‍ച്ചയില്‍ എ.ഐ.ടി.യു.സി സംഘടന സമരത്തില്‍ നിന്നു പിന്മാറിയിട്ടും തൊഴിലാളികളെന്നു പറയപ്പെടുന്ന ചിലര്‍, ഓടുന്ന ബസുകളെ തടയുകയും അവയുടെ ചില്ലു തകര്‍ക്കുകയുമൊക്കെ ചെയ്തതിനും പേര് സമരമെന്നു തന്നെ. ഈ ഭീഷണിയെ അതിജീവിച്ച് വണ്ടിയോടിച്ച ബസുടമകളെയും തൊഴിലാളികളേയും സാധാരണജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കട്ടെ. പക്ഷെ ഇക്കണ്ട ജനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കി നിര്‍ത്തി വിരലിലെണ്ണാവുന്ന ഒരു വിഭാഗം അഴിഞ്ഞാടിയപ്പോള്‍, അവര്‍ക്കെതിരെ വിരലു ഞൊടിക്കാന്‍ പോലും കഴിയാതിരുന്ന ഒരു പോലീസ് സേന വൈപ്പിന്‍ കരയ്ക്കാവശ്യമുണ്ടോ? ഇവരുടെ തൊഴിലെന്താണ്? ഹെല്‍മറ്റു പിടിക്കലോ? ഡിസംബര്‍ 31 ന് ഇവര്‍ കര്‍മ്മ നിരതരായരത് മദ്യപിച്ച് വണ്ടിയോടിക്കുന്നവരെ പിടിച്ച് ഫൈനടപ്പിക്കുന്നതിലും. സര്‍ക്കാര്‍ സര്‍വ്വീസ് ഉദാസീനരുടെ സമ്മേളന വേദിയാകുന്ന ദൃശ്യമാണ് വൈപ്പിന്‍ കര എന്നും കണ്ടിട്ടുള്ളത്. കാരണം, 3.5 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 28 കി.മീ റോഡ് ദൈര്‍ഘ്യമുള്ള വൈപ്പിന്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സമരത്തെ നേരിടാനിറക്കിയത് 10 ബസുകള്‍!!!!

ഇന്നത്തെ പത്രവാര്‍ത്ത വൈപ്പിന്‍ ബസ് സമരം പൊളിഞ്ഞു പാളീസായെന്നാണ്. അതെ. ഇന്ന് വണ്ടികളോടിത്തുടങ്ങി. പക്ഷെ വീണ്ടുമൊരു സമരം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ബസുകള്‍ക്ക് കല്ലെറിഞ്ഞാല്‍ പൊട്ടുന്ന ചില്ലുകളുള്ളിടത്തോളം സമരങ്ങള്‍ ഒരു പരിധി വരെ വിജയിക്കും. അധികാരി വര്‍ഗം അനങ്ങാപ്പാറകളായി നില്‍ക്കുമ്പോഴും വൈപ്പിന്‍ നിവാസികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ചില നിര്‍ദ്ദേശങ്ങളുണ്ട്.

ഞാറക്കല്‍ ബസ് സ്റ്റാന്‍ഡ് നിങ്ങള്‍ പ്രാവര്‍ത്തികമാക്കില്ലെന്നറിയാം.
ബസുകളുടെ നഗരപ്രവേശനം നിങ്ങള്‍ സാധ്യമാക്കില്ലെന്നറിയാം.

1) വൈപ്പിന്‍-പറവൂര്‍ ബസ് റൂട്ട് ദേശസാല്‍ക്കരിക്കട്ടെ
2) അല്ലെങ്കില്‍ 1:1 എന്ന അനുപാതത്തില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരത്തിലിറക്കട്ടെ.
3) ദീര്‍ഘ ദൂര ലിമിറ്റഡ് സ്റ്റോപ്പ്- വോള്‍വോ ബസുകള്‍ വൈപ്പിന്‍ റൂട്ടിലൂടെ ഓടിക്കട്ടെ.
4) ഞാറക്കല്‍ മുതല്‍ എറണാകുളം വരെ ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കട്ടെ.

എന്നിട്ട് സമരക്കാര്‍ സമരം ചെയ്യട്ടെ. എത്ര കാലം വേണമെങ്കിലും. ആരും അവരുടെ സമരത്തെ തടസ്സപ്പെടുത്തരുത്.

Wednesday, September 29, 2010

Ubuntu വില്‍ Root പാസ്​വേഡ് മാറ്റുന്നതെങ്ങനെ?

ടെര്‍മിനലില്‍ sudo passwd root എന്ന് ടൈപ്പ് ചെയ്യുക.
ഇനി നമുക്ക് പാസ്​വേഡ് നല്‍കാം.:
Enter new UNIX password: ***** (കാണാനാകില്ല) Enter
വീണ്ടും പാസ്​വേഡ് ആവര്‍ത്തിച്ച് നല്‍കുക :
Retype new UNIX password: *****(കാണാനാകില്ല) Enter
മറ്റൊന്ന് എഴുതി വരും
passwd: password updated successfully

ഇനി നമുക്ക് റൂട്ട് ആയി ടെര്‍മിനലില്‍ ജോലി ചെയ്യാം
su root എന്നു ടൈപ്പ് ചെയ്യൂ
Password: ചോദിക്കും. കൊടുക്കുക *****(കാണാനാകില്ല) Enter
അതെ നിങ്ങള്‍ റൂട്ട് ആയി ടെര്‍മിനലില്‍ കയറിക്കഴിഞ്ഞു.

root@hari-laptop:/home/hari#

ഇതെന്റെ പരീക്ഷണം മാത്രം

പെര്‍മിഷനു വേണ്ടി

മാത്​സ് ബ്ലോഗില്‍ ഫസലിന്റേതായ വന്ന ഒരു കമന്റ് കണ്ടു. Synaptic Package Manager വഴി Cd Add ചെയ്യാന്‍ നോക്കുമ്പോഴെല്ലാം E: Failed to mount cdrom എന്ന മെസ്സേജ് വരുന്നു എന്നാണ് പരാതി. ഇതിന്റെ ഭാഗമായി ഉബുണ്ടു ഫോറങ്ങളിലൊന്നു പരതി. fstab ല്‍ കയറി പുതിയൊരു വരി ഉള്‍പ്പെടുത്താനാണ് ഒരു കക്ഷി പറഞ്ഞിരിക്കുന്നത്. ഞാനതിലേക്കൊന്ന് കയറി എഡിറ്റ് ചെയ്യാന്‍ നോക്കിയിട്ട് നടക്കേണ്ടേ? പെര്‍മിഷനില്ല, പെര്‍മിഷനില്ല എന്നു പറഞ്ഞ് എഡിറ്റ് ചെയ്യാന്‍ പോലും അനുവദിച്ചില്ല. ഒടുവില്‍ ഒരിടത്ത് നിന്ന് അതിന് വഴി കിട്ടി.

sudo gedit /etc/fstab

പാസ്​വേഡ് ചോദിക്കും. അങ്ങു കൊടുത്തേര്. കാര്യം നടക്കേണ്ടേ?

Sunday, February 01, 2009

We started Mathematics blog

Dear Colleagues...

We started the new blog about Mathematics. We can share the ideas, doubts, methods... all and all...
To view the blog named www.mathematicsschool.blogspot.com

Click here


Hari

Tuesday, January 02, 2007

ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നീണ്ട വാക്ക്

“ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നീണ്ട വാക്ക് ഏതാണ് ? “കഴിഞ്ഞ ദിവസം കയ്യില്‍ക്കിട്ടിയ ‘കോമ്പറ്റീഷന്‍ വിന്നര്‍‘ എന്ന മാ‍ഗസിനിലാണ് ഒ.അബൂട്ടിയുടെ രസകരമായ ഈ ചോദ്യം കണ്ടത്. ലോകമെമ്പാടുമുള്ള ബ്ലോഗേഴ്സിനും ബ്ലോഗിനെ സ്നേഹിക്കുന്നവര്‍ക്കും വേണ്ടി ഞാന്‍ ആ ചോദ്യവും ഉത്തരവും ബ്ലോഗിലൂടെ പങ്കു വെക്കുന്നു.
Chambers Dictionary, Oxford dictionary, webster's Third new international Dictionary തുടങ്ങിയ പ്രശസ്തങ്ങളായ ഡിക്ഷണറികളില്‍ കാണാവുന്ന ഏറ്റവും നീണ്ട വാക്കും അതു തന്നെയാണെന്നാണ് ലേഖകന്‍ വാദിക്കുന്നത്. ഇനി ചോദ്യത്തിന് ഉത്തരം അറിയേണ്ടേ ?
' pneumonoultramicroscopicsilicovolcanoconiosis' ഇതാണ് ആ വാക്ക്. ഇതെങ്ങനെയാണ് ഉച്ചരിക്കുന്നതെങ്ങനെയെന്നല്ലേ... ? ദാ പിടിച്ചോ ഉച്ചാരണം “ ന്യു-മനോ-അള്‍ട്ര-മൈക്-റോ-സ്കോപിക്-സിലി-കോ-വൊള്‍-കാനോ-കോ-ണി-ഓസിസ്. ” (ലേഖകന്‍ തന്നെയാണ് ഉച്ചാരണവും തന്നിരിക്കുന്നത്.) 45 അക്ഷരങ്ങളാണ് ഈ വാക്കിലുള്ളത്. ഇതൊരു ശ്വാസകോശ സംബന്ധമായ രോഗമാണത്രേ. ഖനിയിലെ പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് മൂലം ഖനിത്തൊഴിലാളികള്‍ക്കാണ് ഈ രോഗം കണ്ടു വരുന്നതത്രെ.
അങ്ങനെയെങ്കില്‍ ഈ രോഗം നമ്മുടെ നാട്ടിലും കാണണമല്ലോ. കാരണം ഈ പേരില്‍ നിന്ന് വായിച്ചെടുക്കാവുന്ന ഒരു സംഗതി ഇതൊരു ചെറിയ മണല്‍പ്പൊടികളില്‍ നിന്നും ഉണ്ടാവുന്ന രോഗമാണെന്നാണ്. എങ്കില്‍ ഈ രോഗം മണല്‍ വാരുന്നവര്‍ക്കും പാറമടയില്‍ ജോലിയെടുക്കുന്നവര്‍ക്കും റോഡുപണിക്കാര്‍ക്കുമൊക്കെ വരുന്നുണ്ടാവണം. ഇത്ര വലിയ പേരുള്ള രോഗമായതിനാലായിരിക്കണം പേര് അത്ര വ്യാപകമായിരുന്നത്. (ശ്വാസകോശ സംബന്ധമായ രോഗമാണിതെന്നതിനാല്‍ രോഗി ഈ പേരു പറഞ്ഞാല്‍ ഐ.സി.യു വിലേക്ക് മാറ്റേണ്ടിവരുമെന്നതില്‍ സംശയമില്ല.)
ഇതേ ചോദ്യത്തിന് ചിലര്‍ തമാശ രൂപത്തില്‍ ഇംഗ്ലീഷിലെ ഏറ്റവും നീണ്ട വാക്ക് 'Smiles' ആണെന്ന് മറുപടി തന്നേക്കാമെന്നും ലേഖകന്‍ മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. (ഈ വാക്കിലെ ആദ്യത്തെയും അവസാനത്തെയും 'S' കള്‍ക്കിടയില്‍ ഒരു ' mile ' ഉള്ളതുകൊണ്ടാണ് അവര്‍ ഇങ്ങനെ പറയുന്നത്. ) പക്ഷെ അവിടെയും അദ്ദേഹം വിട്ടുകൊടുക്കുന്നില്ല. അങ്ങനെ നോക്കിയാലും ഇംഗ്ലീഷിലെ ഏറ്റവും വലിയ വാക്ക് അതെല്ലത്രെ. ' beleaguered ' (സൈന്യത്താല്‍ വലയം ചെയ്യപ്പെട്ട) എന്ന വാക്കിനാണ് കൂടുതല്‍ നീളം എന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം 'be' ക്കും 'red' നും ഇടയിലായി ഒരു ‘ league ‘ ഉണ്ടെന്നും ‘league‘ എന്ന വാക്കിന് ‘മൂന്നു മൈല്‍‘ എന്നാണ് അര്‍ത്ഥമെന്നുമാണ് അദ്ദേഹം പറയുന്നത്. ശരിയല്ലേ ? ഒരു മൈലിനാണോ മൂന്നു മൈലിനാണോ നീളം കൂടുതല്‍ ?
ഇനി ഒരു ചെറിയ ചോദ്യം. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ‘ചൈനീസ് മാന്‍ഡാരിന്‍’ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ഏറ്റവും കൂടുതല്‍ അക്ഷരങ്ങളുള്ള ഭാഷയും അതു തന്നെ. എന്നാല്‍ എന്റെ ചോദ്യം അതല്ല.
“ഏതു ഭാഷയിലാണ് ഏറ്റവും കൂടുതല്‍ വാക്കുകളുള്ളത്....? "

സദ്ദാമിന്റെ ധീരത നമുക്കു മറക്കാതിരിക്കാം.

ഞങ്ങള്‍ കൊച്ചിക്കാര്‍ എന്ന ബ്ലോഗില്‍ ബുഷിന്റെ കോലത്തിന്‍ കല്ലെറിയുന്ന പടം കണ്ടപ്പൊഴാണ് വെറുതെ സദ്ദാമിനെ കുറിച്ച് സെര്‍ച്ച് ചെയ്തത്. സൈറ്റുകളൊന്നില്‍ കണ്ട, മൊബൈലുകളിലൂടെ കണ്ട, സദ്ദാമിന്റെ മരണം വല്ലാത്ത വേദനയുളവാക്കി. മരണത്തെ മുന്നില്‍ക്കണ്ടിട്ടും, ധീരതയോടെ അതിനെ നേരിട്ട, ആദര്‍ശത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതിരുന്ന ആ ധീരന് എന്റെ അശ്രുപ്രണാ‍മം... എന്തൊരു ചങ്കൂറ്റമാണ് ആ മനുഷ്യന്...? എന്തൊരു തീഷ്ന്ണയാണ് ആ മനുഷ്യന്റെ കണ്ണുകളില്‍...? വാക്കിന് വ്യവസ്ഥ വേണം എന്ന് പറയുമ്പോള്‍ ഇനി നമ്മുടെ മുന്നില്‍ ആ മുഖം ഓര്‍മ്മ വരും....

Saturday, December 16, 2006

ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം

ക്രിസ്മസ്‌ ഇതാ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. എല്ലാവരും തന്നെ ഇപ്പോഴേ ക്രിസ്മസ്‌ ട്രീകളും പുല്‍ക്കൂടുമൊക്കെ തയ്യാറാക്കുന്നതിനെക്കുറിച്ച്‌ പദ്ധതികളൊരുക്കിയിട്ടുണ്ടാകും.... എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം..... ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം.... എങ്കിലും ഏതോ പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്ക്‌ പങ്കുവെക്കാം.....



വളരെ പണ്ട്‌ മുതലേ, എന്നു വെച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ വീടുകള്‍ അലങ്കരിക്കുന്ന ഒരു പതിവ്‌ ഏഷ്യയിലും യൂറോപ്പിലുമൊക്കെ നിലനിന്നിരുന്നു. ചൈനക്കാരും ഹീബ്രുകളും ഈജിപ്ഷ്യരുമെല്ലാം വീടുകളില്‍ ദേവപ്രീതിക്കായി പൂക്കള്‍ കൊണ്ടുള്ള തോരണങ്ങള്‍ ചാര്‍ത്തി പ്രാര്‍ത്ഥന നടത്തിപ്പോന്നു. പുതുവര്‍ഷത്തില്‍ തങ്ങളുടെ വീട്ടില്‍ ചെകുത്താന്റെ ശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയായിരുന്നു ഇത്‌. പിന്നീട്‌ ഇവരില്‍ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ഈ ആചാരങ്ങള്‍ കൈവിട്ടില്ല. ക്രിസ്മസും പുതുവത്സരവും അടുത്തടുത്ത്‌ വരുന്ന സാഹചര്യത്തില്‍ ഈ അലങ്കരണം ബൃഹത്തായി മാറി. പുല്‍ക്കൂടിനൊപ്പം അവര്‍ വീടുകള്‍ മുഴുവന്‍ മരങ്ങളും മരച്ചില്ലകളും കൊണ്ട്‌ അലങ്കരിക്കാന്‍ തുടങ്ങി. ക്രമേണ ഇത്‌ ക്രിസ്തുമതത്തിന്റെ ഭാഗമായ ഒരു ആചാരമായി മാറി.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലാണത്രെ ആധുനിക രീതിയിലുള്ള ക്രിസ്മസ്‌ ട്രീകള്‍ ഒരുക്കിയത്‌. ആദമിന്റെയും ഹവ്വയുടേയും കഥകള്‍ അനുസ്മരിക്കുന്നതിനായി ഏതന്‍ തോട്ടത്തിന്റെ മാതൃകയില്‍ ആയിരുന്നു ആധുനിക ക്രിസ്മസ്‌ ട്രീകള്‍ ഒരുങ്ങിയത്‌. മരച്ചില്ലകളില്‍ ആപ്പിളുകള്‍ തൂക്കി അവര്‍ ഈ മാതൃക അതേപടി അനുകരിക്കാന്‍ ശ്രമിച്ചു.കൂടാതെ യേശുവിന്റെ സാന്നിധ്യമറിയിക്കാന്‍ മെഴുകുതിരികളും കത്തിച്ചുവെച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 24 നു തന്നെയായിരുന്നു ഈ അലങ്കരണ പരിപാടികള്‍...

പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ മുഴുവന്‍ ഈ ആചാരത്തിന്‌ പ്രചാരം സിദ്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടിലും ക്രിസ്മസ്‌ ട്രീകള്‍ വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്രിസ്മസ്‌ ട്രീകളില്‍ മെഴുകുതിരികള്‍ കത്തിച്ചുപോന്നു. 1917 ല്‍ ന്യൂയോര്‍ക്കില്‍ ഒരു തീപിടുത്തമുണ്ടായി. ക്രിസ്മസ്‌ ട്രീയിലെ മെഴുകുതിരിയില്‍ നിന്നും പടര്‍ന്ന്‌ പിടിച്ച തീ ഒട്ടേറെ നാശനഷ്ടം വരുത്തി. ഈ അപകടം നേരില്‍ക്കണ്ട ആല്‍ബര്‍ട്ട്‌ സഡക്ക്‌ എന്ന ബാലന്‌ ഈ സംഭവം ഏറെ മാനസിക്‌ വിഷമമുണ്ടാക്കി. സ്പെയിന്‍ കാരായിരുന്ന സഡക്കായുടെ കുടുംബം പാവയില്‍ നിര്‍മ്മിച്ച പക്ഷികളെ ഒരു
കൂട്ടില്‍ ഇട്ട്‌ വൈദ്യുതി ബള്‍ബുകള്‍ കൊണ്ട്‌ അലങ്കരിച്ച്‌ വില്‍പന നടത്തിയാണ്‌ ജീവിച്ചിരുന്നത്‌.

അപകടത്തെക്കുറിച്ചോര്‍ത്ത്‌ ഏറെ ദുഃഖിതനായിരുന്ന സഡക്കായുടെ മനസ്സില്‍ പെട്ടന്നൊരു ബുദ്ധി തെളിഞ്ഞു. " എന്തുകൊണ്ട്‌ ക്രിസ്മസ്‌ ട്രീയില്‍ മെഴുകുതിരിക്ക്‌ പകരം വൈദ്യുതിലൈറ്റുകള്‍ ഉപയോഗിച്ച്‌ കൂടാ ? " തന്റെ ചിന്ത അവന്‍ മാതാപിതാക്കളുമായി പങ്കുവെച്ചു. അവര്‍ക്ക്‌ ആ ആശയം ഏറെ ഇഷ്ടപ്പെട്ടു. കുറച്ച്‌ ബള്‍ബുകള്‍ ഉപയോഗിച്ച്‌ അവര്‍ ക്രിസ്മസ്‌ ട്രീ ലൈറ്റുകള്‍ ഉണ്ടാക്കി. ആദ്യ വര്‍ഷം നൂറില്‍ താഴെ ബള്‍ബുകളേ വിറ്റുപോയുള്ളു. എങ്കിലും ഈ പുതിയ ക്രിസ്മസ്‌ ട്രീ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വലിയ വിറ്റുവരവ്‌ നടത്തി.


പ്രായ പൂര്‍ത്തിയായ സഡക്കാ ക്രിസ്മസ്‌ ട്രീ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു കമ്പനി തുറന്നു. തുടര്‍ന്ന്‌ ഈ സംരംഭം വ്യാപിക്കുകയായിരുന്നു. കടലും കടന്ന്‌..... മനസ്സുകളില്‍ സ്ഥാനം നേടി.......

വൈപ്പിന്‍ കരയ്ക്ക്‌ വയസ്സ്‌ 666 !!!

ഞങ്ങള്‍ വൈപ്പിന്‍ കരക്കാര്‍ക്ക്‌ അത്രവലിയ പാരമ്പര്യമില്ലെന്നാണൊ നിങ്ങള്‍ കരുതിയത്‌? എന്തിനും സമരം ചെയ്യുന്ന... വൈക്കത്ത്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വൈപ്പിനില്‍ നടപ്പാക്കുന്നത്ര സമര വീര്യമുള്ള, ഈ ജനതയുടെ മണ്ണിനേപ്പറ്റി ഒരല്‍പ്പം....

ഞാനൊരു ചരിത്രകാരനല്ല.... അന്വേഷകനല്ല..... പക്ഷെ.... എനിക്കെന്റെ നാടിനെപ്പറ്റി എഴുതണം എന്നു തോന്നി...ആധുനിക കാലത്ത്‌ ചരിത്രത്തെപ്പറ്റി എഴുതുന്നവര്‍ ആരും ആ ചരിത്രകാലത്ത്‌ ജീവിച്ചവരല്ലല്ലൊ. ഞാനുമതെ... ആധുനിക ചരിത്രകാരന്‍മാര്‍ സങ്കല്‍പ്പിച്ചെടുത്തത്‌...നിരീക്ഷിച്ചെടുത്തത്‌...ഞാന്‍ എപ്പോഴെല്ലാമോ വായിച്ചത്‌... അതെല്ലാം ഇതിനകത്ത്‌ കടന്ന്‌ വന്നിട്ടുണ്ടാകാം.. അതിനാല്‍... എല്ലാവരോടും നന്ദി....

വൈപ്പിന്‍ കര..... ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്‌....

1341ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തോടെയാണ്‌ വൈപ്പിന്‍ കര രൂപമെടുക്കുന്നത്‌. പക്ഷേ അതോടെ ചരിത്രപ്രസിദ്ധമായ മുസിരിസ്‌ തുറമുഖം നാമാവശേഷമാവുകയായിരുന്നു. കൊടുങ്ങല്ലൂറ്‍ അഴിയുടെ ആഴം കുറഞ്ഞു. ചെറിയൊരു അഴിമുഖമായിരുന്ന കൊച്ചിയില്‍ കായലുകള്‍ രൂപമെടുത്തു. ഇതോടെ കടലിലേക്കു പതിക്കുന്ന പെരിയാറിന്റെ കൈവഴിയായ വീരന്‍ പുഴയുടെ എക്കല്‍ മണ്ണ്‌ അടിഞ്ഞു കൂടി 'വെയ്പ്പുകര'യായ വൈപ്പിന്‍ കര ജന്‍മമെടുത്തു. ഈ ഓര്‍മ്മ പുതുക്കാനായിട്ടായിരിക്കണം, 1341ല്‍ ആരംഭിച്ച 'പുതുവൈപ്പ്‌ വര്‍ഷം' എന്ന പേരിലുള്ള ഒരു കലണ്ടര്‍ പണ്ടുകാലത്ത്‌ ജനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. വെച്ചു കിട്ടിയ കര കടല്‍ തന്നെ എടുക്കുമെന്ന ഒരു വിശ്വാസം തദ്ദേശവാസികളായ എല്ലാവരുടെയും മനസ്സില്‍ ഇപ്പൊഴും നില നില്‍ക്കുന്നുണ്ടെന്നുള്ളത്‌ ഒരു യാഥാര്‍ത്ഥ്യം തന്നെ. ഓരോ വര്‍ഷക്കാലത്തും തീരപ്രദേശങ്ങളില്‍ നിന്നും ശക്തമായ രീതിയില്‍ മണ്ണ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത്‌ ഈ വിശ്വാസത്തിന്‌ ആക്കം കൂടുന്നു. പുതുതായി മണ്ണ്‌ വെച്ച്‌ കിട്ടിയ പുതുവൈപ്പ്‌ ബീച്ചിണ്റ്റേയും ചെറായി ബീച്ചിണ്റ്റേയും ഇന്നത്തെ അവസ്ഥ മികച്ച ഉദാഹരണം തന്നെ...

1875ല്‍ തുറമുഖത്തിന്‌ വടക്കുള്ള ക്രൂസ്‌ കൊട്ടാരത്തിന്‌ സമീപത്തുള്ള പ്രദേശത്തിലൂടെ കടല്‍ തള്ളിക്കയറി. അക്കാലത്ത്‌, കൊച്ചി തുറമുഖ ശില്‍പ്പിയായ റോബെര്‍ട്ട്‌ ബ്രിസ്റ്റൊ മണ്ണ്‌ കൊണ്ടുള്ള കിടങ്ങുകള്‍ നിര്‍മ്മിച്ച്‌ മണ്ണിടിച്ചിലിന്‌ താല്‍ക്കാലിക ശമനം വരുത്തി.
1503ല്‍ സാമൂതിരിയും കൊച്ചി രാജാവുമായി യുദ്ധമുണ്ടായി. ഈ യുദ്ധത്തില്‍ പരിക്കേറ്റ കൊച്ചി രാജാവ്‌ എളങ്ങുന്നപ്പുഴ ക്ഷേത്രത്തിലാണ്‌ ശരണം പ്രാപിച്ചത്‌. പോര്‍ട്ടുഗീസുകാര്‍ അന്ന്‌ അദ്ദേഹത്തെ സഹായിച്ചു. പ്രത്യുപകാരമെന്ന നിലയില്‍ സ്വന്തമായി ഒരു കോട്ട കെട്ടുന്നതിന്‌ അദ്ദേഹം പോര്‍ട്ടുഗീസുകാരെ അനുവദിച്ചു. മതപഠനമായിരുന്നു കോട്ടനിര്‍മ്മാണതിന്റെ പ്രധാന ഉദ്ദേശം. 1662ല്‍ ഡച്ചുകാര്‍ ഈ കോട്ട പിടിച്ചെടുത്തു. ഇപ്പറഞ്ഞ ചരിത്രവസ്തുത വൈപ്പിന്‍ കരയുടെ ചരിത്രപരമായ പ്രാധാന്യം വെളിവാക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഞാറക്കലെ റോമന്‍-സിറിയന്‍ പള്ളി, പള്ളിപ്പുറത്തെ ടിപ്പു സുല്‍ത്താന്റെ വട്ടക്കോട്ട, കേരളത്തിലുള്ള ഒരേയൊരു സെണ്റ്റ്‌ അംബ്രോസ്‌ പള്ളി, എന്നു തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങള്‍ വൈപ്പിന്‍ കരയിലുണ്ട്‌.

കൃസ്ത്യന്‍ - ഹിന്ദു - മുസ്ളീം ജനവിഭാഗങ്ങള്‍ ഐക്യത്തോടെ ഇവിടെ വസിച്ചു പോരുന്നു. ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ നീളവും ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ വീതിയും (എല്ലായിടത്തും അത്രയും ഇല്ല.) നാല്‍പ്പത്‌ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണവും ഉള്ള വൈപ്പിന്‍ കരയ്ക്ക്‌ 1960ന്‌ മുന്‍പ്‌ വരെ പുറം ലോകവുമായി ഇന്നത്തെപ്പോലെ അത്ര വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 1960സെപ്റ്റമ്പറില്‍ സ്ഥാപിച്ച ചെറായി പാലമാണ്‌ വടക്കന്‍ പറവൂറ്‍ വഴി ഈ നാടിനെ വന്‍കരയുമായി ബന്ധിപ്പിച്ചത്‌. 2004ല്‍ ഗോശ്രീ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂന്നു പാലങ്ങള്‍ വന്നതോടെ ഇന്ന്‌ വൈപ്പിന്‍ കരക്കും നഗര ബാന്ധവം കൈവന്നു. അക്ഷരാര്‍ത്ഥത്തില്‍ തിരക്കു പിടിച്ച ഒരു ജനതയായി വൈപ്പിന്‍ കരയിലേത്‌.

കൃഷിയും മത്സ്യബന്ധനവുമാണ്‌ പ്രധാന ജീവിതമാര്‍ഗ്ഗം. നെല്ലും തെങ്ങും ആണ്‌ പ്രധാന കൃഷി. പാടങ്ങളില്‍ നെല്ല്‌ വിതക്കാതെ ചെമ്മീന്‍ കൃഷിക്ക്‌ ഉപയോഗിക്കുന്നതാണ്‌ പുതിയ ട്രെണ്റ്റ്‌. കേവലം ഒരു മുണ്ട്‌ വിരിച്ചിട്ടാലുണ്ടാകാവുന്ന നീളം മാത്രമുള്ള റോഡിലൂടെ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്ന കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല. അത്‌ കൊണ്ട്‌ തന്നെ വൈപ്പിനിലെ ഡ്രൈവര്‍മാര്‍ എവിടെയും വാഹനമോടിക്കാനുള്ള പ്രാവീണ്യവും ചങ്കുറപ്പും ഉള്ളവരാണെന്ന്‌ ഞങ്ങള്‍ പരസ്പരം പറയാറുണ്ട്‌. പക്ഷെ,ബസ്സുകളുടെ മത്സരയോട്ടം ഇന്നും ഇവിടെയൊരു ശാപം തന്നെയാണ്‌.

ആറ്‌ പഞ്ചായത്തുകളാണ്‌ ദ്വീപിലുള്ളത്‌. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, ഞാറക്കല്‍, എളങ്ങുന്നപ്പുഴ എന്നിവയാണ്‌ അവ.

പ്രധാന സ്ഥലങ്ങള്‍ : മുനമ്പം, പള്ളിപ്പുറം, കൊവിലകത്തുംകടവ്‌, ചെറായി, അയ്യമ്പിള്ളി, കുഴുപ്പിള്ളി, പഴങ്ങാട്‌, എടവനക്കാട്‌, അണിയല്‍, നായരമ്പലം, വെളിയത്താം പറമ്പ്‌, മാനാട്ടുപറമ്പ്‌, ഞാറക്കല്‍, മാലിപ്പുറം, എളങ്ങുന്നപ്പുഴ, ഓച്ചന്തുരുത്ത്‌, വളപ്പ്‌, തെക്കന്‍ മാലിപ്പുറം, പുതുവൈപ്പ്‌, അഴീക്കല്‍

Monday, December 11, 2006

സിനിമക്കോട്ടയിലെ അനാവശ്യ ചിരി പ്രകടനങ്ങള്‍....

സിനിമാക്കോട്ടയില്‍.... സീരിയലിണ്റ്റെ മുന്‍പില്‍... സ്വയം മറക്കുന്നവരുണ്ട്‌... അക്കൂട്ടര്‍ നായകനെ വരെ ഉപദേശിക്കും. വരാന്‍ പോകുന്ന കഥാഭാഗങ്ങള്‍ പ്രവചിക്കും. ചുറ്റുമുള്ളവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും കഥ പറഞ്ഞുതരും. നായകന്‍ ഇടിക്കുന്നതോടൊപ്പം ഇക്കൂട്ടര്‍ ചുറ്റുമുള്ളവരെയും ഇടിച്ച്‌ തെറിപ്പിക്കും.... ഇവര്‍ സ്വയം ആസ്വദിക്കുന്നു. മറ്റുള്ളവരെ ആസ്വദിപ്പിക്കുന്നു(?) ....
ഞായറാഴ്ച്ചയുടെ ആലസ്യം വിട്ടുമാറാന്‍ വേണ്ടിത്തന്നെയായിരുന്നു ഇന്ന്‌ ഒരു സിനിമയ്ക്കിറങ്ങിയത്‌. ഹൌസ്‌ ഫുള്‍ ആകുന്നതിന്‌ മുന്‍പേ ടിക്കറ്റുമെടുത്ത്‌ ഞാന്‍ ഒരു സീറ്റും പിടിച്ചു. സിനിമക്കോട്ടയിലെ പാട്ടിണ്റ്റെ ശബ്ദസൌകുമാര്യത്തില്‍ ലയിക്കുന്നതിന്‌ മുന്‍പെ സിനിമ തുടങ്ങി. കുഴപ്പമില്ലാത്ത സിനിമ ആയിരുന്നു കേട്ടോ.... സിനിമയുടെ ലോകത്ത്‌ ഞാനും ഒരു കഥാപാത്രമായി..... ഇടക്കെപ്പോഴോ ഒരുപാട്‌ ചിരികള്‍ക്കിടയില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിരി അവിടമാകെ മുഴങ്ങുന്നത്‌ എനിക്കറിയാന്‍ കഴിഞ്ഞു. ചിരിയല്ല അത്‌, ഒരട്ടഹാസം... ഒരു പുരുഷശബ്ദമാണ്‌. മറ്റുള്ളവര്‍ ചിരിക്കാത്തപ്പോഴും പുള്ളിക്കാരന്‍ ചിരിച്ചു കൊണ്ടിരുന്നതിനാല്‍ കൂട്ടത്തില്‍ നിന്നും ആളെ എളുപ്പം കണ്ടുപിടിക്കാനായി. എണ്റ്റെ തൊട്ടുപിന്നിലെ നിരയില്‍ മോഡേണ്‍ "സാനിയാ കണ്ണട"യും ധരിച്ചിരിക്കുന്ന മാന്യമായി വേഷം ധരിച്ചാരു ചെറുപ്പക്കാരനാണ്‌ കഥാപാത്രം. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ കക്ഷി ചിരി പാസ്സാക്കിക്കൊണ്ടിരുന്നു. എനിക്ക്‌ സിനിമ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
പുള്ളിക്കാരണ്റ്റെ ചിരി എന്നെ മാത്രമല്ല ചുറ്റുവട്ടത്തിരിക്കുന്നവരെയും അസ്വസ്ഥരാക്കുന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. പലരും ഈര്‍ഷ്യയോടെ തിരിഞ്ഞുനോക്കി. പക്ഷെ, നമ്മുടെ നായകന്‍ ശ്രദ്ധിക്കുന്നേയില്ല. ആളിപ്പോള്‍ ചിരി മാത്രമല്ല, കമണ്റ്റും പാസ്സാക്കുന്നുണ്ട്‌. ഹാസ്യതാരങ്ങളുടെ കോമഡിക്ക്‌ പോലും 'മണ്ടന്‍..' എന്ന്‌ വിളിച്ചാണ്‌ ഇഷ്ടന്‍ കമണ്റ്റ്‌ പാസ്സാക്കിയത്‌.... ഇടക്ക്‌ നായകന്‌ പോലും അടുത്തതായി എന്ത്‌ ചെയ്യണമെന്ന്‌ പുള്ളി ബുദ്ധിയുപദേശിച്ചു കൊടുത്തു... ഒളിച്ചിരുന്ന്‌ ഇടിക്കാന്‍ വരുന്നവരെപ്പോലും ഇഷ്ടന്‍ നായകനെ വിളിച്ച്‌ കാട്ടിക്കൊടുത്തു. വളരെ നിശബ്ദമായ സന്ദര്‍ഭങ്ങളില്‍ ടൈറ്റില്‍ സോങ്ങ്‌ പാടി പുള്ളി ആവേശഭരിതനായി. ചുറ്റുമിരുന്നവര്‍ക്ക്‌ (എനിക്കും) ദേഷ്യവും ചിരിയും ഒരേ സമയം വരുന്നുണ്ടായിരുന്നു...
ഇണ്റ്റര്‍വെല്‍ സമയത്ത്‌ ഞാന്‍ ആളെ സൂക്ഷിച്ച്‌ നോക്കി. അയാളെ എനിക്കറിയാം... ഒരു മുതിര്‍ന്ന ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനാണ്‌. ആളിപ്പോള്‍ ഒന്നും അറിയാത്ത പോലിരിക്കുകയാണ്‌. ഇത്രയും നേരം ഈ ഒച്ചപ്പാട്‌ മുഴുവന്‍ എടുത്തത്‌ മറ്റാരോ ആണെന്ന്‌ തോന്നും പുള്ളിക്കാരണ്റ്റെ മുഖഭാവം കണ്ടാല്‍..... എല്ലാവരും മറ്റാരെയോ നോക്കുന്ന പോലെ ഒളികണ്ണിട്ട്‌ നമ്മുടെ 'നായകനെ' ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ സിനിമ ആസ്വദിക്കുന്നത്‌ ഇക്കൂട്ടരാണെന്നതില്‍ സംശയമില്ല. മറ്റാര്‍ക്ക്‌ ശല്യമായാലും അതൊന്നും ഇവര്‍ക്ക്‌ പ്രശ്നമേയല്ല. കാരണം ചുറ്റുപാടും എന്ത്‌ നടക്കുന്നുവെന്ന്‌ ഇവരറിയുന്നില്ല. അവര്‍ സിനിമയുടെ ലോകത്താണ്‌. കൊടുത്ത കാശ്‌ മുതലാകുന്ന തരത്തില്‍ ഒരു 'ടൂറ്‌' പോകുന്നതും ഇവര്‍ തന്നെയാണ്‌. ഇത്തരം ആളുകള്‍ സമൂഹത്തില്‍ വളരെയേറെയൊന്നും ഉണ്ടാവില്ല. അത്‌ ചിലപ്പോള്‍ നൂറില്‍ ഒരാളാകാം... ആയിരത്തില്‍ ഒരാളാകാം. ഇത്‌ ഒരു വ്യക്തി വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.. വിവിധ ആസ്വാദനശൈലികളുമായി ബന്ധപ്പെട്ടിരിക്കുന്നു... ഇവര്‍ക്ക്‌ ഒരിക്കലും ചുണ്ടില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ചിരുന്ന്‌ സിനിമ കാണാന്‍ ആകില്ല. ഒപ്പമുള്ളവര്‍ക്ക്‌ ഇത്‌ പലപ്പോഴും സഹിക്കാനും കഴിയില്ല. അതാകാം ഭാര്യയൊ മറ്റ്‌ കൂട്ടുകാരൊ പുള്ളിക്കൊപ്പം ഇല്ലാതിരുന്നത്‌. ഇക്കണക്കിന്‌ അവര്‍ ആരെങ്കിലും കക്ഷിക്ക്‌ ഒപ്പമുണ്ടായിരുന്നെങ്കിലോ ? ദൈവമെ... ഞാന്‍ ഇന്ന്‌ കണികണ്ടയാളെ നാളെയും കണികാണണേ.....

Tuesday, November 28, 2006

കലണ്ടര്‍ പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍.... മണ്ടന്‍മാരുടെ മദ്ധ്യാഹ്ന (മദ്യ+അന്ന) സമ്മേളനത്തില്‍ നിന്നോ.. ?

1582 ല്‍ ഗ്രിഗറി എന്ന മാര്‍പ്പാപ്പയാണ്‌ നാം ഇന്ന്‌ കാണുന്ന തരത്തിലുള്ള കലണ്ടര്‍ അവതരിപ്പിച്ചത്‌. ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങള്‍ ആ വര്‍ഷം തന്നെ ഇതു പിന്തുടര്‍ന്നു. എന്നാല്‍ ബ്രിട്ടന്‍ 1751-ലാണ്‌ ഇത്‌ അംഗീകരിച്ചത്‌. പക്ഷെ ആ സമയം, ജൂലിയന്‍ കലണ്ടറും ഗ്രിഗോറിയന്‍ കലണ്ടറും തമ്മില്‍ 12 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു. അത്‌ കൊണ്ടുതന്നെ 1752 സെപ്റ്റംബര്‍ 2 ണ്റ്റെ പിറ്റേ ദിവസം സെപ്റ്റംബര്‍ 14 എന്ന്‌ പരിഗണിച്ച്‌ കൊണ്ടാണ്‌ ബ്രിട്ടന്‍ പുതിയ കലണ്ടറിനെ എതിരേറ്റത്‌. റഷ്യയാകട്ടെ ഈ കലണ്ടര്‍ 1917 ലാണ്‌ അംഗീകരിച്ചത്‌.
സൂര്യനെ ചുറ്റാന്‍ ഭൂമിക്ക്‌ യഥാര്‍ത്ഥത്തില്‍ മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ദിവസം ആവശ്യമില്ല. 365.2422 എന്നതാണ്‌ കുറച്ച്‌ കൂടി കൃത്യമായ കണക്ക്‌. ഇത്‌ പരിഗണിക്കുമ്പോള്‍ എ.ഡി.4000, എ.ഡി.8000 വര്‍ഷങ്ങളിലെ ഫെബ്രുവരിയില്‍ ൨൯ ദിവസം ഉണ്ടാവില്ല. എല്ലാ വര്‍ഷത്തേക്കും വേണ്ടി പുതിയ പുതിയ കലണ്ടറുകള്‍ വാങ്ങുന്നതൊഴിവാക്കാന്‍ ചില പരിഷ്ക്കാര നിര്‍ദ്ദേശങ്ങല്‍ ഉയര്‍ന്നു വന്നിട്ടുണ്ട്‌.... ഒരു സ്ഥിരം കലണ്ടര്‍... അതില്‍ ഓരോ വര്‍ഷത്തേയും 28 ദിവസങ്ങള്‍ വീതമുള്ള 13 മാസങ്ങളായി വിഭജിക്കാനാണ്‌ ഒരു നിര്‍ദ്ദേശം. പതിമൂന്നാമത്തെ മാസത്തിന്‌ സോള്‍ എന്നു പേര്‌ നല്‍കി ജൂണിനും ജൂലായ്ക്കും ഇടയില്‍ ഉള്‍പ്പെടുത്തണമത്രേ... മാസങ്ങള്‍ക്ക്‌ പകരം നമ്പറുകള്‍ മതിയെന്നും അഭിപ്രായമുണ്ട്‌. പക്ഷെ അവസാന മാസത്തിന്‌ ശേഷം വരുന്ന 365ആം ദിവസത്തെ (28 * 13 = 364) മാസത്തിലോ ആഴ്ച്ചയിലോ ഉള്‍പ്പെടുത്തരുതെന്നാണ്‌ വാദം. ലീപ്‌ ഇയറില്‍ കൂടുതലായി വരുന്ന ദിവസത്തെ ജൂണ്‍ 28-ന്‌ ശേഷം പരിഗണിക്കാമെന്നും എന്നാല്‍ ആ ദിവസത്തെയും മാസത്തിലോ ആഴ്ച്ചയിലോ ഉള്‍പ്പെടുത്തരുത്‌ എന്നും പരിഷ്ക്കാര നിര്‍ദ്ദേശകര്‍ പറയുന്നു. അങ്ങനെയൊരു കലണ്ടര്‍ പ്രയോഗത്തില്‍ വന്നാല്‍ ഓരോ മാസവും ഞായറാഴ്ച്ച തുടങ്ങി ശനിയാഴ്ച്ച അവസാനിക്കുകയും ചെയ്യുമത്രേ....
അപ്പോള്‍ ഒരു സംശയം...ആരുടെ തലയിലുദിച്ച ബുദ്ധിയിത്‌...? ഉച്ചക്കിറുക്കെന്ന്‌ ഇതിനെ വിളിച്ചു പോയാല്‍, എണ്റ്റെ ഗ്രിഗറി പിതാവേ, അങ്ങുണ്ടല്ലൊ എനിക്ക്‌ വേണ്ടി വാദിക്കാന്‍... ? പരിഷ്ക്കരിച്ച്‌ പരിഷ്ക്കരിച്ച്‌ , ഈ മഹാന്‍മാര്‌ , ഹരിക്കാന്‍ എളുപ്പത്തിന്‌ ആഴ്ച്ച ഏഴില്‍ നിന്നും വെട്ടിക്കുറച്ച്‌ അഞ്ചാക്കി മാറ്റുമോ ആവോ ?